Wednesday, June 28, 2023

മുറിവ്

 





ചില ചുളിവുകൾ അനുഭവങ്ങളായ് ...

ചില മുറിവുകൾ തഴമ്പുകളായും  പരിണമിക്കും ..

ഉപ്പുകലർന്ന കണ്ണീർചാലുകൾ ചിലതെല്ലാം 

ഉണങ്ങാത്ത മുറിവുകളിൽ നിന്നുള്ളതാകാം.


ചില ചിരികൾ കാതുകൾക്കന്യമായതറിയാതെ 

ഒരു പിൻവിളിക്കായ്  ദൂരെ  കാതോർത്ത നേരവും 

നിഴലുകൾ നീളുന്ന സന്ധ്യയോടു പിറുപിറുത്ത 

ചെറുകിളികളോടായി പരിഭവം യാത്രയിൽ.


വസന്തം പൂക്കളായ് പെയ്തിറങ്ങിയ ചില്ലകളിൽ  

തേൻവണ്ടു മൂളുന്ന കുളിര്കാറ്റു തഴുകിടും. 

നിറമുള്ളയിലകളായ് ഹേമന്തമെത്തുമ്പോൾ

ആർദ്രമാം മിഴികൾ പൂട്ടിയവ  നിപതിക്കയായ്. 

മുകളങ്ങളായ് പല സ്വപ്നങ്ങൾ വിരിയുവാൻ 

ഇനിയുമൊരു വസന്തം വാതിക്കൽ വന്നപോൽ ...


അതു കേട്ടു ചാരെ പറന്നെത്തുമരയന്നം 

ഒരു വാർത്ത കൊണ്ടു വരുമെന്നു വെറുതെ 

മനസിന്റെ കോണിലെ പൂവമ്പനുരയുമ്പോൾ 

പുസ്തക താളുകളിലന്നു നീ കോറിയിട്ട 

ചിതലിരിക്കാത്ത ചില ചുംബന പ്പാടുകൾ 

വെറുമൊരു ഗദ്ഗദം പോലെന്റെയു ള്ളിലെ 

പടിയറ വാതുക്കൽ മുട്ടുന്ന നേരവും ...


നിഴലുകൾ കൂരിരുട്ടാവുന്ന രാത്രിയോ --

ടരുതെന്നു പറയുവാൻ കഴിയാത്തൊരെൻ മനം 

കലിപൂണ്ട കാർമേഘം മഴയായ് മറഞ്ഞപോൽ 

ഒരു ധാരയായെന്റെ കവിൾത്തടം പൂകയായ് !


 





 


Saturday, May 28, 2022

അരൂപി

ദൈവം ആരാണെന്നു പഠിപ്പിക്കാൻ ശ്രമിക്കുന്ന മതങ്ങൾ ദൈവം എന്താണെന്നു പഠിപ്പിക്കാൻ തുടങ്ങിയാൽ തീരുന്ന പ്രശ്നങ്ങളെ ഇന്ന് ഇവിടെ ഉള്ളു.


അങ്ങനെ തുടങ്ങുന്ന ആ നിമിഷമാണ് ചിലപ്പോൾ ക്രിസ്തു പറഞ്ഞ രണ്ടാം വരവ്.

അതു ക്രിസ്തു എന്ന വ്യക്തി രണ്ടാമത് വരുമെന്നതല്ല ..വിപ്ലവാത്മകമായ ചില സന്ദേശങ്ങൾ നൽകി , അതു ഗ്രഹിക്കാൻ പക്വത ഇല്ലായിരുന്ന മനുഷ്യരാൽ കൊല്ലപ്പെട്ട ഒരാൾ പുതിയ ആശയങ്ങളുമായി ഒരു യുഗം പിറക്കുമെന്നുള്ള ഒരു മുന്നറിയിപ്പ് തന്നതായിരുന്നു  എന്നു ഗ്രഹിച്ചു കൂടെ ?


നമ്മുടെ ഇപ്പോഴത്തെ ചിന്താ ശ്രേണിയെക്കാളും വലിയ ഒരു ചിന്താ ശ്രേണി ഉണ്ടെന്നും ..അതിനെ ദൈവം എന്ന് വിളിച്ചു അതിനെ അന്വേഷിക്കുമ്പോൾ നമ്മൾ അതായി മാറാൻ സാധ്യത ഉണ്ടെന്നുമുള്ള  പഠിപ്പിക്കലുകൾ അല്ലെ നമുക്ക് ഇന്നാവശ്യം ?


 അതിലൂടെ മാനവികത വളർന്നു ... ഐൻസ്റ്റീൻ ഒക്കെ പറഞ്ഞു വച്ച സമയ ദൂര പരിധികൾ കടന്നു പ്രപഞ്ചത്തിന്റെ കോണുകൾ തൊട്ടു കോണുകൾ വരെ അളക്കാൻ പ്രാപ്തിയുള്ള ജീവികളായി പരിണമിക്കാൻ നമുക്കാവണം. ഈ കോലാഹലങ്ങളിൽ നിന്നെല്ലാം അകന്ന് നിത്യ ശാന്തി എന്ന ശൂന്യതയിൽ എത്താൻ വേറെ ഒരു വഴി കാണുന്നില്ല !




Sunday, September 19, 2021

കുറുക്കൻമാർ

 കുറുക്കന്മാർ - ആരാണ് കുറുക്കന്മാർ ? ഞാൻ ചോദിക്കുന്നത് ജീവിത അനുഭവങ്ങളിൽ നിന്നാണ്. ജീവിതത്തിലെ കുറുക്കന്മാരെ കണ്ടിട്ടുണ്ടോ ?

കുറുക്കന്മാർ നമ്മൾ ഭാവനയിൽ കാണുന്നതുപോലെ അല്പം കുശാഗ്ര ബുദ്ധിക്കാർ ആണ്. അവർ പതിയിരിക്കും ..കുതിച്ചു ചാടും ..കീറി മുറിക്കും ..കടിച്ചു കീറും ..ഹഹ ഭാവനകൾക്കു വിട ..!! ഞാൻ പറയുന്നത് ശെരിക്കും കുറുക്കന്മാരെ കുറിച്ചാണ് . 'കുറുക്കന്മാർ' !!!

കുറുക്കന് കഴിവു കുറവാണ് ..ശക്തി കുറവാണ് .. ആരോഗ്യം കുറവാണു ..എല്ലാത്തിലും 'പരാജയമാണ്' കുറുക്കന്മാർ !

അവൻ പുലികളെ നോക്കും ..അവർ അലറുന്നതും അഴിഞ്ഞാടുന്നതും കാണും ..

"അയ്യോ എനിക്കിങ്ങനെ ഒന്നും ആകാൻ പറ്റുന്നില്ലല്ലോ" എന്നു നിലാവുള്ള രാവുകളിൽ അവൻ നിരൂപിക്കും .. വിഷമത്തിൽ ഉറക്കെ ഓരിയിട്ടും !

'പുലികൾക്കു' ക്രീഡകൾ വെറും ലാഘവമായ കാര്യം ..അവർ ക്രീഡകൾ അഴിഞ്ഞാടും ..അവർ അവരുടെ ശക്‌തികൾ കാണിക്കും ..അവർക്കിത് വെറും 'ജുജൂബി' . കുറുക്കന്മാർ ഒളിഞ്ഞിരുന്നു ക്രീഡകൾ കാണും ..അതുപോലെ ആകണമെന്ന് ഉപബോധ മനസ്സിൽ ആലോചിക്കും ..അവറ്റകൾ ഓരിയിട്ടു തളർന്നു കിടന്നുറങ്ങും .. അങ്ങനെ അനവധി നിലാവുള്ള രാവുകൾ കടന്നു പോകും ... ഓരിയിട്ടു തളർന്നു കിടന്നുറങ്ങും ...

പുലികൾക്കു മേടുകൾ അനവധിയാണ് .. അവർ പുതിയ മേച്ചിൽപ്പുറങ്ങൾ തേടി, സാഹസ ജീവിതം തേടി പോകും .. 'പുലികൾ' ഒഴിയുന്നതും കാത്തു 'കുറുക്കന്മാർ' പതിയിരിക്കും .. അവർ ചുറ്റും നോക്കും , ആഹാ ആരുമില്ലല്ലോ .. ഓരിയിടുന്ന സ്വരത്തിൽ ചെറുതായൊന്നു മുരളി നോക്കും ..ആഹാ ആരും പരാതി പറയുന്നില്ലല്ലോ ...പിന്നെ അല്പം പതിഞ്ഞ സ്വരത്തിൽ മെതുവേ ഗർജ്ജിച്ചു നോക്കും .. ആഹാ ആരും പരാതി പറയുന്നില്ല ..കാരണം ഒറിജിനൽ 'പുലി' നാടുവിട്ടു പോയല്ലോ .. ചില 'കഴുതകൾ' ആ 'ഗർജനം' കേട്ടപ്പോൾ ഒന്നു ചിന്തിച്ചു ..


"ആഹാ ഇവനെ പുതിയ പുലി ആക്കാം ..അധികം ഉപദ്രവം ഒന്നും ഉണ്ടാക്കില്ല ! "

അവർ ആ കുറുക്കന് ജയ് വിളിച്ചു .. ജയ് ജയ് 'പുലിയച്ഛൻ ' അവർ ആർത്തു വിളിച്ചു ..

കുറുക്കൻ 'പുലിയെ' പോലെ അഭിനയിച്ചു തുടങ്ങി ..അവൻ കൂടുതൽ ഉറക്കെ ഗർജിക്കാൻ തുടങ്ങി .. പണ്ടു കണ്ടു ഉപബോധ മനസ്സിൽ തങ്ങിയ പല ചേഷ്ടകളും കാണിച്ചു തുടങ്ങി ..പതിയെ പതിയെ കുറുക്കൻ പുലിയെ അനുകരിക്കാൻ തുടങ്ങി .. 'കഴുതകൾ' കൂട്ടം കൂടി ജയ് വിളികൾ തുടങ്ങി ..ജയ് ജയ് വിളികളുടെ ആരവം ഉയർന്നു വന്നു ..കുറുക്കൻ ഏഴാം സ്വർഗ്ഗത്തിലൂടെ ഒഴുകി തുടങ്ങി ...

കാലങ്ങൾ കഴിഞ്ഞു പോയി..ഒരു കാലൊച്ച കേട്ടു 'കഴുതകൾ' എഴുന്നേറ്റു ....


'കഴുതകൾ' 'കുറുക്കൻ -പുലിയെ' തട്ടി എണീപ്പിച്ചു ..കുറുക്കന് കാര്യം മനസിലായി ... ഓടി ഓടി ദൂരെ ഒരു പാറയിൽ കയറി ഇരുന്ന് അവൻ ഓരിയിട്ടു .. പഴയതിലും ഊക്കോടെ ഓരിയിട്ടു ... അതും ഒരു നിലാവുള്ള രാവായിരുന്നു ..

'കഴുതകൾ' അതുകേട്ടു മൂക്കത്തു വിരൽ വച്ചു !

ആ കാലൊച്ച എന്തായിരുന്നു, ആരുടെ ആയിരുന്നു എന്ന് ... ഞാൻ വായനക്കാർക്ക് വിടുന്നു !!


ശുഭം !

 







Thursday, May 27, 2021

സൃഷ്ടിയെന്ന കുമിളകൾ

     


                                                   അവർ പറന്നിറങ്ങുകയായിരുന്നു. 

രൂപവും രൂപമില്ലായ്മയും ധരിച്ച അവർ, ദൂരവും ദൂരമില്ലായ്മയും താണ്ടി , സമയവും സമയമില്ലായ്മയും കടന്നു, അനന്തതയുടെ തലങ്ങളിലൂടെ സഞ്ചരിച്ചു ഒടുവിൽ അവർ ഈ ബിന്ദുവിൽ അവരോഹണം ചെയ്ത നേരം.. വായുമണ്ഡലം തീർത്ത ചെറിയൊരു കൂട്ടിനുള്ളിൽ ചലിക്കുന്ന; തന്മാത്രകൾ കൂടിച്ചേർന്ന; ചില രൂപങ്ങളെ അവർ കണ്ടു. അരൂപിയിൽ നിന്നും രൂപിയിലേക്കുള്ള പ്രയാണത്തിൽ അവർ അവറ്റകളെ  സൂഷ്മമായി നിരീക്ഷിച്ചു. 

രൂപികൾ സങ്കീർണമായ രൂപങ്ങളെ പ്രാപിച്ചു. ധാന്യകവും , മാംസ്യവും , മറ്റു മൂലകങ്ങളും ആഗിരണം ചെയ്യണമായിരുന്നു അവറ്റകൾക്കു നിലനിൽക്കുവാൻ. ആ ചെറിയ കൂട്ടിൽ ഇതെല്ലാം സുലഭമായിരുന്നു.


ഒടുവിലൊരു നാൾ അരൂപികൾ രൂപികളിലൊന്നിനെ കൊന്നു. ചത്തതിനെന്തു ജീവൻ ! അതിൽ മാംസ്യവും ധാന്യകവും ലവണങ്ങളും മറ്റു മൂലകങ്ങളുമവർ കണ്ടു. രൂപികളോടവർ ആജ്ഞാപിച്ചു ..കൊന്നു തിന്നുവിൻ ..നിങ്ങളെല്ലാം ചെറു കുമിളകൾ പോലെ മാത്രം !. ഒരു കുളത്തിൽ നിന്നുയർന്നു വായുവിൽ പൊട്ടി ഇല്ലാതാകുന്ന കുമിള പോലെ, അന്ത്യത്തിൽ പൊട്ടി തെറിച്ചു പര ബ്രഹ്മത്തിലേക്കു ചേരുന്ന നിങ്ങളുടെ മേനിയിൽ നിങ്ങൾ അവശേഷിച്ച വിശിഷ്ടമായ ഈ ഗുണഗണങ്ങൾ എന്തിനു പുഴുവിനും ചിതലിനും വിട്ടു കൊടുക്കുന്നു ?? കുമിളകൾ ആയിരിക്കുന്ന ആ ചെറു നിമിഷം മാത്രമേ നിങ്ങൾക്ക് രൂപമുള്ളു .. അതിനു ശേഷമുള്ള അനന്ത  കോടി നാളുകൾ നിങ്ങൾ അരൂപികൾ മാത്രം. ബ്രഹ്മത്തിൽ ലയിച്ചു നശ്വരമായ അസ്തിത്വം നശിച്ചഅനശ്വരമായ ഊർജം മാത്രം !


അവർ കൊന്നു തിന്നു ..മാംസം തിന്നു.. ഭക്ഷ്യ ശ്രംഖല മെനഞ്ഞു ..അവ വളർന്നു.

അരൂപികൾ സന്തോഷ ചിത്തരായിരുന്നു ..അവർക്കു സമയ തലങ്ങളിലൂടെ , ദൂര തലങ്ങളിലൂടെ എവിടെയോ പറന്നു പോകുവാനുണ്ടായിരുന്നു . ഈ ചെറിയ കുടിലിൽ മാത്രം ഒതുങ്ങുവാൻ അവർക്കാവില്ലല്ലോ!!. 

അവർ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ ഒരു രൂപിയെ ജനിപ്പിച്ചു.. അരൂപികളുടെ ബോധം പകർന്നു നൽകി. സമയം തീർത്ത തടവറയിൽ വളരുവാൻ വിട്ടു. അരൂപികളുടെ ആല്മാവുള്ള രൂപി ഒരിക്കൽ അരൂപിയെ പോലെ ആകും എന്നവർ; സമയ തലത്തിലെ ദൂരങ്ങൾ സഞ്ചരിച്ചു ഗുണിച്ചും ഹരിച്ചു കണ്ടു പിടിച്ചു. അവർ ആ നാളിനായി കാത്തിരുന്നു. അവർ നിശ്ചലരായി നിന്നു. രൂപികളുടെ വളർച്ചകൾക്കു നിശബ്ദ സാക്ഷികൾ ആണവർ. അതേ സമയം അവർ പ്രകാശത്തിനും ദൈവ കണങ്ങൾക്കും ഉപരിയായ വേഗത്തിൽ ചലിക്കുകയും ആയിരുന്നു. ചലനവും നിശ്ചലനവും കൂടിച്ചേർന്ന ഒരു അനന്ത തലത്തിലൂടെ മറ്റൊരു കൂട് തേടി അവർ പാഞ്ഞു.


ഈ ചെറിയ കൂടാരത്തിന്റെ നടത്തിപ്പ് അവകാശം രൂപികൾക്കു നൽകി അവർ ദൂരേക്ക് പറന്നകന്നു..




കൂടാരത്തിനവർ ഭൂമിയെന്നു പേരിട്ടു. പരീക്ഷണ നിരീക്ഷണങ്ങളിലൂടെ ജനിപ്പിച്ച രൂപിയെ അവർ മനുഷ്യൻ എന്നും വിളിച്ചു .. 

മനുഷ്യർ , അവർ കാണാത്ത അവരുടെ സൃഷ്ടാക്കളായ അരൂപികളെ പല പേരിട്ടു   വിളിച്ചു. 

(അതിന്റെ എല്ലാം പരമയായ അർഥം ഈശ്വരൻ എന്നാണെന്ന്  ലേഖകൻ ഇവിടെ കുറിക്കാൻ ആഗ്രഹിക്കുന്നു . ) 

ഭൂമി ഉരുളുകയാണ് ദൂര സമയ ബന്ധങ്ങളുടെ നിയതമായ പാതയിലൂടെ ഉരുളുകയാണ്. 

പ്രപഞ്ചം എന്ന ഒരു മിഥ്യാ മായയിൽ സമയം പാഞ്ഞു പോകുകയാണ്. ശൂന്യത എന്ന സത്യത്തെ, രൂപം അല്ലെങ്കിൽ പദാർത്ഥം  എന്ന മിഥ്യ മറച്ചു വയ്ക്കുകയാണ്.  കണങ്ങളും , തന്മാത്രകളും, പദാർത്ഥങ്ങളും വെറും ശൂന്യത ആണെന്നും ഊർജങ്ങളുടെ സങ്കലനം മാത്രമാണെന്നുമുള്ള സത്യം രൂപികൾ മനസിലാക്കുന്ന ആ ബിന്ദുവിൽ സകലവും അഴിഞ്ഞില്ലാതെയാ കും. 

രൂപികൾ വെറും കുമിളകൾ ആണെന്നു തിരിച്ചറിയുന്ന ആ നിമിഷം ഈ പ്രപഞ്ചവും വെറും കുമിളകൾ ആണെന്നു തെളിഞ്ഞു വരും.


പ്രപഞ്ചമെന്ന കുമിളയും ഉത്ഭവ സ്ഥാനത്തു നിന്നും ഉയർന്നു വന്നു ബോധ മണ്ഡലത്തിന്റെ ഉപരിതലത്തിൽ പൊട്ടി ചിതറി ഇല്ലായ്മയെന്ന പരമ സത്യത്തിൽ ലയിക്കും!


ശുഭം !











Sunday, February 14, 2021

പരിണാമം

 

ജൈവ ശാസ്ത്രപരമായ പരിണാമത്തെ കുറിച്ചു ചിന്തിക്കുന്ന ശാസ്ത്ര ശാഖകൾ എന്തു കൊണ്ട് നമ്മുടെ ഇടയിൽ നമ്മൾ അറിയാതെ നടക്കുന്ന ഒരു പ്രത്യേക  തരം  പരിണാമത്തെ കുറിച്ച് ഒന്നു ചിന്തിക്കുന്നില്ല ?



മനസിന്റെ പരിണാമം . ബുദ്ധിയുടെ പരിണാമം ..സംസ്കാരത്തിന്റെ പരിണാമം .. അനിവാര്യമായ ഒരു പരിണാമത്തെ കുറിച്ച് ചിന്തിക്കണം എന്നു തോന്നി ..

നൂറു വര്ഷങ്ങള്ക്കു മുൻപുള്ള മനുഷ്യന്റെ ചിന്താ ശൈലി അല്ലല്ലോ ഇന്നു നമ്മുടേത്. ഓരോ വർഷവും വളരെ സൂഷ്മമായി , എന്നാൽ ഒരിക്കലും നിലയ്ക്കാതെ.. ഒരു പ്രത്യേക പ്രവേഗത്തോടെ ചലിച്ചു കൊണ്ടിരിക്കുന്ന ഒരു തരം പരിണാമം.

ആറു വയസുള്ള എന്റെ മകൻ എന്നോട് സ്വർഗത്തെ കുറിച്ചു ചോദിച്ചു:

ചോദ്യം ഒന്ന്: സ്വർഗം ശൂന്യാകാശത്താണോ ?

അല്ല എന്നു ഞാൻ പറഞ്ഞാൽ  പിന്നെ എവിടെ ആണെന്നുള്ള ചോദ്യം വരും.. അപ്പോൾ പിന്നെ അത് പറഞ്ഞു മനസിലാക്കാൻ ശ്രമിക്കേണ്ടി വരും.

ആണ് എന്ന് പറഞ്ഞാൽ തൽക്കാലത്തേക്ക് അവനു ആശ്വാസം ആകും. ദൂരെ എവിടെയോ ശൂന്യാകാശത്തു ഉണ്ട് സ്വർഗം. നമുക്ക് അവിടെ പോകാൻ മരിച്ചാലേ സാധിക്കുള്ളു; അതിനെ കുറിച്ച് നിനക്ക് കുറച്ചുകൂടി വലുതാകുമ്പോൾ മനസിലാകും ;  എന്നു പറഞ്ഞു തടി തപ്പി.


ചോദ്യം രണ്ട് : സ്വർഗത്തിൽ പോകുമ്പോൾ നമ്മൾ വീണ്ടും കൊച്ചു കുഞ്ഞായി ആണോ ജനിക്കുന്നത് ?അപ്പോൾ അവിടെയും വളർന്നു നമ്മൾ മരിക്കില്ലേ ? അപ്പോൾ വീണ്ടും വേറെ സ്വർഗത്തിൽ പോകുമോ ?

എന്തുത്തരം ആണ് ഞാൻ കൊടുക്കേണ്ടത് ??





ഒരു കൊച്ചു കുട്ടിയുടെ ബുദ്ധി വളർച്ചയുടെ ആദ്യ ഘട്ടത്തിൽ അവൻ ചോദിക്കുന്ന ചോദ്യങ്ങൾ , ബുദ്ധിയുള്ള മനുഷ്യൻ ഉരുവായ ആദ്യ കാലങ്ങളിൽ അവന്റെ തലച്ചോറിൽ ഉരുത്തിരിഞ്ഞ അതേ ചോദ്യങ്ങൾ തന്നെ ആയിരിക്കണം. ഒരു കുഞ്ഞിനു മനസിലാക്കാൻ സാധിക്കാത്ത വിവരങ്ങൾ അവനു മനസിലാക്കാൻ പ്രാപ്തി ഇല്ലാത്ത പ്രായത്തിൽ ചില നുണകളിലൂടെ അവനെ പറഞ്ഞു അടക്കി ഇരുത്തുക എന്നത് സർവ സാധാരണം അല്ലെ ? അവനു പ്രാപ്തി ആകുന്ന കാലത്തു അവൻ സത്യം കണ്ടെത്തും എന്ന വിശ്വാസം ആണ് അവന്റെ മാതാ പിതാക്കളെ ഇത്തരം നിരുപദ്രവ കരമായ, അതിലുപരി അവനു ഭാവിയിൽ അന്വേഷിച്ചു കണ്ടെത്തുവാൻ സാധ്യത ഉണ്ടാക്കി കൊടുക്കുന്ന, ഉത്തരങ്ങളിലേക്കു നയിക്കുന്നത്.

അങ്ങനെ എങ്കിൽ , മാനവികതയുടെ ശൈശവ കാലത്തു നമുക്ക് പകർന്നു കിട്ടിയ വിവരങ്ങൾ , ശൈശവ ദശയിൽ നിന്നും വളരുമ്പോൾ പുനർചിന്തനം നടത്തേണ്ടിയവ അല്ലെ ?


ദൈവവും , സ്വർഗ്ഗവും , നരകവും മറ്റു വിശ്വാസങ്ങളുമെല്ലാം സത്യം അന്വേഷിച്ചു വളർന്നു വളർന്നു , അനേകായിരം തലമുറകളിലൂടെ മാനസിക പരിണാമം സംഭവിച്ചു , നമ്മിലെ തന്നെ ദൈവികതയെ കണ്ടെത്തുവാൻ വേണ്ടി സൃഷ്ടാവ് (So Called Alien ?) ബുദ്ധിപൂർവ്വം ഇട്ടു വച്ച ചില ഗുണമുള്ള നുണകൾ ആകാൻ സാധ്യതയില്ലേ ?

അതെ നമ്മുടെ ഇടയിൽ ചില പരിണാമങ്ങൾ നടക്കുന്നുണ്ട്.. നാമറിയാതെ നമ്മൾ സത്യത്തിലേക്ക് അടുക്കുകയാണെന്നു തോന്നുന്നു. ബോധത്തിന്റെ തലങ്ങൾ തെന്നി മാറുകയാണ്.

ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞ ഗലീലിയോ യെ തല്ലി ചതച്ച മത മേലധ്യക്ഷന്മാർ ഉണ്ടായിരുന്നു ഒരിക്കൽ എന്നു നാം മറക്കരുത് !

ചിന്തകൾ ചിലപ്പോൾ സത്യത്തിലേക്കുള്ള ചൂണ്ടു പലകകൾ ആയേക്കാം !











Wednesday, November 4, 2020

സ്വർഗം

 മനുഷ്യൻ മൃഗങ്ങളെ പോലെ ആകാതിരിക്കാനുള്ള ഏക മാനദണ്ഡമാണ്  ദൈവവും , ആ ദൈവത്തെ നിയന്ത്രിക്കുന്ന മതവും.




തന്നെക്കാളും വലിയ ഒരു ശക്തി ഉണ്ടെന്ന വിശ്വാസം മനുഷ്യ മനസിനെ  കീഴോട്ടു പോകാതെ പിടിച്ചു നിർത്തും .

താഴ്ന്ന ശക്‌തിയുള്ള മനുഷ്യരിൽ കൂടുതൽ ഭക്തിയും ആചാരാനുഷ്ഠാനങ്ങളും കാണാൻ സാധിക്കും .. ഉയർന്ന ജാതികളിൽ അതിനൊരു നിയന്ത്രണവും വിവേചനവും, വിവേകവും  കാണാനാകും.


ചവിട്ടു പടികളാണ് ആചാരങ്ങൾ. അവനവനെ അവനവന്റെ ഉയരങ്ങളിലുള്ള ബോധ മണ്ഡലത്തിലേക്ക് ഉയർത്തുവാനുള്ള വിദ്യാലയങ്ങളാണ് മതങ്ങൾ. ഓരോ മതത്തിലെയും ദൈവ ബോധം അതു മാത്രമാണ്.

യൂദ മതത്തിലെ ഉയരാത്ത ബോധ മണ്ഡലത്തെ ഉയർത്തുക മാത്രമാണ് ക്രിസ്തു മതം ചെയ്തത് .


വിജയിക്കാതെ പോയ ഒരു പ്രോജക്ടിന്റെ (ക്രിസ്തു മതത്തിന്റെ  )പുനരാവിഷ്കരണമാണ് ഇസ്‌ലാമിക മതം  ഏഴു നൂറ്റാണ്ടുകൾക്കു ശേഷം ചെയ്തത് ..


അതിനെല്ലാമപ്പുറം ആയിരക്കണക്കിന് വര്ഷം മുന്നേ വളർന്ന ഒരു ബോധ മണ്ഡലമായിരുന്നു ഹിന്ദു മതവും , ബുദ്ധ മതവും ..

ഇവരെല്ലാം വരച്ചു കാട്ടിയ ദൈവം വെറുമൊരു ബോധം മാത്രമാണ് .. ദൈവം രൂപിയല്ല .. രൂപമുള്ള എന്റെയും നിന്റെയും മറ്റൊരു ബോധ മണ്ഡലമാണ് ..അതി ലേക്കെത്താനുള്ള ചൂണ്ടു പലകകൾ ആണ് മതങ്ങളും ..മത ഗ്രന്ഥങ്ങളും .. അവ ക്രോഡീകരിച്ചവരും ..അവയിലെ പ്രവാചകന്മാരും ..ദൂദരും എല്ലാം ..



മൃഗം ആകാതിരിക്കാനുള്ള ഒരു കുരുക്ക് വഴി .. മൃഗമായിരുന്ന എന്തോ ഒന്നിന്റെ ഉള്ളിൽ intelligence വളർത്തി ലബോറട്ടറി യിൽ നിന്നും പുറത്തു വിട്ടപ്പോൾ സൃഷ്ടാവ് തിരഞ്ഞെടുത്ത ബുദ്ധിപരമായ ഒരു കെണിയാണ് മതവും ദൈവ ബോധവും ..


അതിൽ നിന്നും മാറിചിന്തിക്കാൻ പറ്റാത്ത വിധം പ്രോഗ്രാം ചെയ്യപ്പെട്ട ജീവികളാണ് നാം ...


അപ്പോൾ പിന്നെ അതിനെ മാസ്റ്റർ ചെയ്യുക എന്ന ഒരു വഴിയേ നമുക്കുള്ളൂ ..


അതുകൊണ്ട് മത , ദൈവ ബോധങ്ങൾക്കു അടിമകൾ ആകാതെ ..അതൊക്കെ വെറും ട്രാപ് ആണെന്നു തിരിച്ചറിഞ്ഞു ..അതിനു വഴി തെളിച്ച സൃഷ്ടമാവിന്റെ കൂർമ്മ ബുദ്ധിയിലേക്കു അൽപ നേരം ശ്രദ്ധ തിരിക്കുമ്പോൾ ..ഞാനും നീയും സ്വതന്ത്രർ ആകുന്നു ..

ആ സ്വാതന്ത്ര്യം ആണ് ബുദ്ധനും , ക്രിസ്തുവും , കൃഷ്ണനും , രാമനും ഒക്കെ അനുഭവിച്ച സുഖം .. അവർ നമ്മളോട് പറയാൻ ശ്രമിച്ച സത്യം ..! ആരും മനസിലാക്കാത്ത ഒരു സത്ത !!

ലോക നിയമങ്ങളിൽ നിന്നുമുള്ള ഒരു വ്യതിചലനം ആണ് ആവശ്യം..അപ്പോൾ പുതിയ നിയമങ്ങൾ സൃഷ്ഠിക്കപ്പെടും .. ആദികാലത്തെ നിയമങ്ങൾ അല്ലല്ലോ ഇന്നിന്റെ  നിയമങ്ങൾ ..അപ്പോൾ ചിലപ്പോൾ ഇതും ഒരിക്കൽ സാധ്യമാകും..


രാജ്യങ്ങളും മതങ്ങളും ദൈവങ്ങളും ഇല്ലാത്ത ..ബുദ്ധിയുള്ള ജീവികളുടെ ഒരു ലോകം .. അതാണ് സ്വർഗം !


അവിടെ ഒരു സുഖം ഉണ്ടാകും ..അവിടെ സമയമോ ..ദൂരങ്ങളോ ..അതു തീർത്ത ബന്ധങ്ങളോ, ബന്ധനങ്ങളോ ഇല്ല.. അമ്മയില്ല ..അപ്പനില്ല ..മക്കളില്ല ..അവർ തീർത്ത വികാര ബന്ധനങ്ങളില്ല .. 

ബോധം ..ചിന്ത ..സുഖം ..ഭാവന .. സുഗന്ധം .. വർണ്ണങ്ങൾ ..എന്നു വേണ്ട .. ബോധത്തെ പരിപോഷിപ്പിക്കുന്ന വികാരങ്ങൾ മാത്രം !


സ്വർഗം ..അതു നമ്മൾ സ്വയം പരിശ്രമിച്ചു കെട്ടിപ്പടുക്കേണ്ട ഒന്നാണ് .. (ആത്‌മാവ്‌) മരിച്ചാൽ ആർക്കും അത് കിട്ടില്ല ..മരിച്ചവർ ആരും അവിടെ എത്തില്ല ..


സ്വർഗം ! 







 

Saturday, October 17, 2020

ചീത (കൊച്ചമ്പ്രാൻ )

കൊച്ചമ്പ്രാൻ 




കുട്ട്യോളെ , മാളോരേ - ചേന്നൻ പാണനൊരാട്ടം ചൊല്ലാം  

ചോര നീരാക്കിയൊരടിയാളൻ - ചീതയെന്നടിയാത്തി പെണ്ണുമുണ്ട്.


കാളിക്കാവിൽ  പൂരമായേ - മേലേ വീട്ടിലും പൂരം തന്നെ 

പറ നിറയ്കാനായിട്ടെമ്പ്രാനും  - പൊട്ടൻ തെയ്യവും തിരുമുറ്റത്ത് 


ചാമയരി- കഞ്ഞി മോന്തി - ചുട്ട മുളകും കടിച്ചു കൂട്ടി -

അന്തിക്കള്ളല്പം മോന്തിയ കോരൻ -  തേമ്പ് കോട്ടക്കൊപ്പം താളം തുള്ളി.  


ഏനുമെന്റെ ചീതപെണ്ണും - എല്ലുമുറിയെ പണിയെടുത്തെയ് 

പറ നിറക്കാൻ തിരി തെളിക്കാൻ - കാളിയമ്മേ കാത്തരുളൂ 


രാവുറങ്ങീ -കുടിയുറങ്ങീ - മേലേ വീട്ടിലും തിരി കെടുത്തീ -

ദൂരെയൊരാക്കോണിൽ റാന്തലുണ്ടേ - അക്ഷരം ചൊല്ലുന്നോരുണ്ണിയെമ്പ്രാൻ 


ഏറെ ചൊല്ലി - പോക വേണ്ട - ഏന്റെ കുടീലിതു വേണ്ട വേണ്ടാ -

ചീതപെണ്ണേ -പോക വേണ്ടാ - അക്ഷരം ചൊല്ലുവാൻ പോക വേണ്ടാ -


ശീമയിൽ പോയ് വന്നോനേമ്പ്രാൻ - പട്ടിണിക്കോലങ്ങൾക്കൊപ്പമെന്നും 

ഉണ്ടുറങ്ങി കൂടെ നിന്നു - തൊട്ടു തീണ്ടാത്തവർക്കൊപ്പമുണ്ടു .


കാട്ടുതീയായ് നാടറിഞ്ഞു - അടിയാക്കുടിയിലെ പള്ളിക്കൂടം -

നാടു മുടിയുമെന്നായി പൊട്ടൻ , തുള്ളി കലി തുള്ളിയന്നു ചൊല്ലി.


പെണ്ണൊരുത്തി പാടം കൊയ്യാൻ - പെണ്ണൊരുത്തി പെറ്റു പോറ്റാൻ 

മാറ് മറക്കാത്ത പെണ്ണൊരുത്തി - അക്ഷരം ചൊല്ലിയാലൂരു കത്തും 


വിതയിറക്കി - ഞാറു നട്ടു - കൊയ്തെടുത്തു പതിര് മാറ്റി -

ഏന്റെ പിള്ളേർക്കന്നുമിന്നും - പശിയകറ്റാൻ ചാമക്കഞ്ഞി  

താണു നിന്നോ - മുതുകൊടിയും - നേരേ നിന്നോ തലയരിയും 

ചോരനീരാക്കിയൊരടിയാന്റെ - ചോരക്കു പോലും വിലയില്ല 


ചീതപെണ്ണേ വായ മൂട് - നാട് മൂടിയണ പേച് ചൊല്ലാ -

ഏനിതൊന്നും കേട്ടിട്ടില്ലേ - ഏനിതൊന്നും കണ്ടിട്ടില്ലേ 


പൂതങ്ങളേ ദൂരെ മാറ് - കാളിയമ്മേ കാത്തരുളൂ -

നാട് മൂടിയണ പേച് കേട്ടേൻ - നാട് മുടിയണ പേച്ചു കേട്ടേൻ ! 






*************

  











മുറിവ്

  ചില ചുളിവുകൾ അനുഭവങ്ങളായ് ... ചില മുറിവുകൾ തഴമ്പുകളായും  പരിണമിക്കും .. ഉപ്പുകലർന്ന കണ്ണീർചാലുകൾ ചിലതെല്ലാം  ഉണങ്ങാത്ത മുറിവുകളിൽ നിന്നുള്...